ആപ്പിള്‍ ഐഫോണ്‍8 നെക്കുറിച്ച് വ്യാപക പരാതിയുമായി ഉപഭോക്താക്കള്‍. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഫ്രണ്ട് പാനല്‍ വീര്‍ത്തു വരുന്നതായും പിളര്‍ന്നു വരുന്നതായുമാണ് പരാതി. പല രാജ്യങ്ങളില്‍ നിന്നായി നിരവധിയാളുകളാണ് പരാതിയുമായി കമ്പനിയെ സമീപിച്ചിരിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍8 വാങ്ങിയ ജര്‍മ്മനിയില്‍ നിന്നുള്ള ഒരു ഉപഭോക്താവ് ചാര്‍ജ്ജ് ചെയ്ത ശേഷം ഫോണ്‍ പിളര്‍ന്നു പോയതിന്റെ ഫോട്ടോയെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.
64 ജിബി റോസ് ഗോള്‍ഡ് ഐഫോണ്‍8 വാങ്ങിയ യുവതി ഫോണിനൊപ്പം ലഭിച്ച കേബിളും അഡാപ്റ്ററും ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്തിട്ടും ഫോണ്‍ പിളര്‍ന്നു പോകുന്നതായി പരാതിപ്പെട്ട് രംഗത്ത് വന്നിരുന്നു. ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച് മൂന്നു മിനുട്ട് കഴിഞ്ഞപ്പോള്‍ ഫ്രണ്ട് പാനല്‍ വീര്‍ത്തു വരികയും അത് ഡിവൈസില്‍ നിന്ന് തള്ളി വരികയും ചെയ്തതായി യുവതി പറഞ്ഞു. ഈ രണ്ട് സംഭവങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ രാജ്യങ്ങളില്‍ നിന്നായി വ്യാപകമായി പരാതികള്‍ ഉയര്‍ന്നു തുടങ്ങി.
ചൈന, കാനഡ, ഗ്രീസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പലവിധ പരാതികളുമായി ഉപഭോക്താക്കള്‍ രംഗത്തെത്തി. പരാതി വ്യാപകമായതോടെ വിശദീകരണവുമായി ആപ്പിളും രംഗത്തെത്തി. പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്നും എന്താണ് കുഴപ്പമെന്ന് പരിശോധിക്കുകയാണെന്നും ആപ്പിള്‍ അധികൃതര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 22നാണ് ഐഫോണ്‍8ഉം 8പ്ലസും വിപണിയിലെത്തിയത്.