ന്യുയോര്‍ക്ക്: ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്കന്‍ പ്രസിഡന്റ് വിചാരിച്ചാല്‍ മാത്രം തകര്‍ക്കാന്‍ സാധിക്കുന്നതല്ല ഇറാന്റെ ആണവ പദ്ധതിയെന്നും ട്രംപിന്റെ പ്രസംഗം ഇറാനെ അപമാനിക്കുന്നതാണെന്നും ഹസ്സന്‍ റൂഹാനി പറഞ്ഞു. ആണവ കരാര്‍ സംബന്ധിച്ച് ഇറാന് ഒരു ആശങ്കയും ഇല്ലെന്നും റൂഹാനി വ്യക്തമാക്കി.

 

ഇറാനുമായുള്ളത് ഏറ്റവും മോശം കരാര്‍ ആണെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവരടക്കമുള്ള ലോക നേതാക്കള്‍ സംയുക്ത പ്രസ്താവന നടത്തി.