തിരുവനന്തപുരം:കേരളത്തിലെ മഹാപ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നുവിട്ടതല്ലെന്ന് കേന്ദ്ര ജലക്കമ്മീഷന്.ഇപ്പോഴുണ്ടായ പ്രളയം അഞ്ഞൂറു വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്നതെന്നു അനുമാനിക്കുന്നതായി കേന്ദ്ര ജലകമ്മീഷന് പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ സുഭാഷ് ചന്ദ്ര പറയുന്നു.
ഇത് അന്തിമമായ കണ്ടെത്തലല്ല.എന്നാല്‍ ഈ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് പ്രളയം ഉണ്ടാക്കിയത്.ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള 4 ദിവസം ഇടുക്കിയില്‍ 811 മില്ലിമീറ്റര്‍ (മി.മി) മഴ രേഖപ്പെടുത്തി.പമ്പയില്‍ 344 മി.മി, കക്കിയില്‍ 915 മി.മി, കുറ്റ്യാടിയില്‍ 954 മി.മി, ഇടമലയാറില്‍ 644 മി.മി എന്നിങ്ങനെയായിരുന്നു മഴയുടെ കണക്ക്.നിലമ്പൂരില്‍ ഒറ്റ ദിവസം 410 മി.മി മഴയുണ്ടായി.കേരളത്തില്‍ ഏതാണ്ട് മിക്കയിടങ്ങളിലും ഇതുപോലെ മഴ പെയ്തു.
ശക്തമായ മഴയില്‍ അണക്കെട്ടുകള്‍ അതിവേഗം നിറഞ്ഞതും കേരളത്തിലെ ഭൂപ്രകൃതിയും പ്രളയ ദുരിതം വര്‍ധിപ്പിച്ചു.വികലമായ വികസന നയവും കയ്യേറ്റങ്ങളും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കി.
കേരളത്തിലെ വെള്ളപ്പൊക്കം മഴ മൂലമല്ലെന്നും അണക്കെട്ടുകള്‍ ഒരുമിച്ചു തുറന്നത് കൊണ്ടാണെന്നും പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തിയിരുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വാര്‍ത്ത സമ്മേളനത്തില്‍ ആരോപണമുന്നയിച്ചിരുന്നു.ആസൂത്രണ മികവില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടത് പ്രശ്നമായെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്നും ഉയരുകയും ഇപ്പോഴും ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ നടക്കുകയും ചെയ്യുകയാണ്.