തിരുവനന്തപുരം:പ്രളയക്കെടുതിക്കായി സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കുനേരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രളയക്കെടുതി വിലയിരുത്തുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം മുഖ്യമന്ത്രിയുടെ കോപത്തിനിരയായത്.ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കുമുളള ധനസഹായം വര്‍ദ്ധിപ്പിക്കണമെന്ന എല്‍ദോ എബ്രഹാമിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ട് ക്ഷുഭിതനായി മറുപടി പറഞ്ഞത്.
”ഇപ്പോള്‍ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം എത്രയാണ് അനുവദിച്ചതെന്ന് അറിയാമോ? ഇതിനെയൊക്കെ കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ?”എന്ന് മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ പതറിപ്പോയ എല്‍ദോ എബ്രഹാം കേന്ദ്രത്തിന്റെ തുക അപര്യാപ്തമാണെന്ന് പറഞ്ഞ് വിഷയം മയപ്പെടുത്തി.സിപിഐ എംഎല്‍എമാര്‍ ഒരു മാസത്തെ ഓണറേറിയം നല്‍കാന്‍ തിരുമാനിച്ച കാര്യവും പറഞ്ഞ് എല്‍ദോ പ്രസംഗം അവസാനിപ്പിച്ചു.