കണ്ണൂര്‍:ചാനല്‍ചര്‍ച്ചയില്‍ മലയാളികളെ ‘നാണംകെട്ട ആളുകളുടെ സംഘം’ എന്ന് വിളിച്ച് അപമാനിച്ച റിപ്പബ്ലിക് ടിവി ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ നോട്ടീസ് അയച്ചു.                      പ്രളയത്തെ അതിജീവിക്കാന്‍ പൊരുതുന്ന കേരള ജനതയെ ആക്ഷേപിച്ച സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അപമാനമുണ്ടാക്കിയ പരാമര്‍ശത്തിന് നിരുപാധികം മാപ്പപേക്ഷിക്കണമെന്നും അത് ചാനലില്‍ പ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 10 കോടി രൂപ സംഭാവന നല്‍കി പരിഹാരം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പിഎല്‍എഫ് പ്രസിഡന്റ് അഡ്വ. പി ശശി അഡ്വ. വി ജയകൃഷ്ണന്‍ മുഖേന നോട്ടീസ് അയച്ചത്.
കേരളത്തിനുള്ള യുഎഇ സഹായം കളവാണെന്നും 700 കോടി രൂപയുടെ ധനസഹായം എന്നത് 2018ലെ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണെന്നുമാണ് റിപ്പബ്‌ളിക് ടിവിയുടെ ചര്‍ച്ചയ്ക്കിടെ അര്‍ണബ് പറഞ്ഞത്.താന്‍ കണ്ടിട്ടുള്ളതിലും വെച്ച് ഏറ്റവും നാണംകെട്ട ആളുകളുടെ സംഘമാണ് മലയാളികള്‍ എന്നും എവിടെ നിന്നോ പണം വാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് മലയാളികള്‍ എന്നുമുള്ള പരാമര്‍ശങ്ങളാണ് അര്‍ണബ് നടത്തിയത്.
മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുളള വിമര്‍ശനമല്ല അര്‍ണാബ് നടത്തിയതെന്നും മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടെന്നും ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്നും പി.ശശി പറഞ്ഞു.