തിരുവനന്തപുരം: സ്വാശ്രയമാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ കൊള്ള നടത്തുന്ന ഇക്കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് വി.എം.സുധീരന്‍. എസ്. വരദരാജന്‍നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിഷ്ണു പ്രണോയ് സംഭവവും ലോ അക്കാഡമി സമരവും ആരും വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവാന്റെ മകനായി ജനിച്ചിട്ടും ജനപക്ഷത്തുനില്‍ക്കാനും ജീവിതത്തിന്റെ എല്ലാ പ്രലോഭനങ്ങളേയും അതിജീവിച്ച് ഉറച്ചനിലപാടുമായി മുന്നോട്ട്‌പോയ ശുദ്ധമായ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു എസ്. വരദരാജന്‍നായര്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു.

വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കുന്നത് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഒരേപോലെ ചൂഷണം ചെയ്യുന്ന മാനേജ്‌മെന്റുകള്‍ക്ക് മാത്രമേ ഗുണപ്പെടുകയുളളൂ. ലോകചരിത്രത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക് കാരണമായിട്ടുളളതാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം. താനുള്‍പ്പെടെ ഇന്നുള്ള രാഷ്ട്രീയ ഭരണ നേതൃത്വം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്നതാണ്. രാഷ്ട്രീയമില്ലെങ്കില്‍ വിദ്യാലയങ്ങള്‍ വര്‍ഗ്ഗീയതയുടേയും മദ്യം, മയക്കുമരുന്ന് പ്രതിലോമ ശക്തികളുടെ വിളനിലമായി മാറുമെന്നും അദ്ദേഹമ ഓര്‍മിപ്പിച്ചു.

അങ്ങിങ്ങ് ഉണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം തന്നെ ആപത്താണെന്ന മട്ടിലുള്ള നിലപാട് ശരിയല്ല. വിധി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വിധിക്കിടയാക്കിയ കോടതിയുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.