തിരുവനന്തപുരം:പ്രളയക്കെടുതിയില്‍ തകര്‍ന്ന നാടിനെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.അടുത്ത ഒരു വര്‍ഷത്തേക്കുള്ള എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ റദ്ദാക്കിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
ഉപേക്ഷിച്ച പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവവും തിരുവനന്തപുരത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുമാണ്.വിനോദസഞ്ചാര വകുപ്പിന്റേതടക്കമുള്ള എല്ലാ പരിപാടികളും റദ്ദാക്കി.പരിപാടികള്‍ക്കായി മാറ്റി വച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികളും റദ്ദാക്കിയിരുന്നു.