വൈക്കം:വ്യത്യസ്തമായ ശബ്ദസൗകുമാര്യം കൊണ്ട് ശ്രദ്ധേയയായ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു.പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍ അനൂപാണ് വിജയലക്ഷ്മിയുടെ ജീവിത പങ്കാളിയാകുന്നത്.സെപ്തംബര്‍ പത്തിന് വിജയലക്ഷ്മിയുടെ വീട്ടില്‍ വച്ച് വിവാഹനിശ്ചയം നടക്കും.ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറായ അനൂപ് വിജയലക്ഷ്മിയുടെ പാട്ടിന്റെ ആരാധകനാണ്.കലാകാരനായ അനൂപിനെ വിജയലക്ഷ്മിക്കും ഇഷ്ടമായി.
ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി.ശാസ്ത്രീയ സംഗീതത്തിലും ഗായത്രിവീണയിലും കഴിവുതെളിയിച്ച വിജയലക്ഷ്മി ഇപ്പോള്‍ മലയാള ചലച്ചിത്രഗാനരംഗത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു.’സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ പാട്ടും മൂളിവന്നു…’ എന്ന ഗാനമാണ് വിജയലക്ഷ്മിയെ ഏറെ ശ്രദ്ധേയയാക്കിയത്.ഈ ഗാനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും നേടി. ‘ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിലൂടെ സംസ്ഥാന പുരസ്‌കാരവും കരസ്ഥമാക്കി.’നടന്‍’ എന്ന ചിത്രത്തിലെ ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’ എന്ന ഗാനത്തിന് 2013 ലെ സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.
എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ‘ശാരദാംബരം’ വീര ശിവജി എന്ന തമിഴ്ചിത്രത്തിലെ ‘സ്വപ്‌നസുന്ദരി നാന്‍ താനേ’ ബാഹുബലിയിലെ ‘ശിവ ശിവായാ’എന്നീ ഗാനങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെട്ടവയാണ്.16-ല്‍ അധികം തമിഴ്ചിത്രങ്ങളിലും തെലുങ്കിലും വിജയലക്ഷ്മി പാടിയിട്ടുണ്ട്.

.