ദില്ലി:പി.കെ.ശശിക്കെതിരെ പരാതി കിട്ടിയ ഉടന്‍ നടപടി തുടങ്ങിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമങ്ങളും തടയാന്‍ മുന്നിട്ടറങ്ങുന്നത് പാര്‍ട്ടിയായിരിക്കുമെന്നും പെണ്‍കുട്ടി പൊലിസിനെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
പാര്‍ട്ടി അന്വേഷിക്കാനാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.അതുകൊണ്ട് അവരുടെ അഭിപ്രായങ്ങളെയും മാനിക്കണം.എന്നാല്‍ ബൃന്ദാ കാരാട്ടിന് പരാതി അയച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനാലാണ് സീതാറാം യച്ചൂരിക്ക് പരാതി നല്‍കിയതെന്നാണ് പെണ്‍കുട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
അതേസമയം ശശിക്കെതിരായ പരാതി സംസ്ഥാന ഘടകവും കേന്ദ്ര ഘടകവും പൂഴ്ത്തിവച്ചില്ലെന്ന് പിബിഅംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.പിബി ചേര്‍ന്ന മൂന്നാം തീയതിക്കു മുമ്പു തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.പരാതി മറച്ചുവച്ചു എന്നുള്ളത് ദുരാരോപണമാണ്.വൃന്ദകാരാട്ടിന് രണ്ടാഴ്ച മുമ്പ കത്ത് കിട്ടിയിരുന്നു എന്ന വാര്‍ത്ത ശരിയല്ല.പെണ്‍കുട്ടിക്ക് പോലീസിനെ സമീപിക്കാം.പരാതി കൈമാറി പെണ്‍കുട്ടിയുടെ പേരുവിവരം പൊതുസമൂഹത്തെ അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.