കൊച്ചി:സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളെയൊന്നാകെ എതിര്‍ത്ത് വാര്ത്തകളിലിടംപിടിക്കുന്ന ജനാരോഗ്യപ്രസ്ഥാനം ചെയര്‍മാനും പ്രകൃതി ചികില്‍സകനുമായ ജേക്കബ് വടക്കഞ്ചേരി അറസ്റ്റില്‍.പ്രളയം ബാക്കിവച്ച പകര്‍ച്ചവ്യാധികളിലൊന്നായ എലിപ്പനി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും ആരോഗ്യമേഖലയും ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോള്‍,എലിപ്പനി പ്രതിരോധ വാക്സിനെതിരെ വ്യാജ പ്രചാരണം നടത്തിയതിനാണ് ജേക്കബ് വടക്കന്‍ചേരി അറസ്റ്റിലായത്.ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡിജിപി ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് എറണാകുളം ചമ്പക്കരയിലെ സ്ഥാപനത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടത് അലോപ്പതി ഡോക്ടര്മാര്ക്കെതിരെയാണെന്ന് പരിഹസിച്ച ഇയാള്‍ എലിപ്പനി, ഡങ്കിപ്പനി, നിപാ തുടങ്ങിയ പുതുരോഗങ്ങളും അവയുടെ പേരിലുള്ള മരണങ്ങളും അലോപ്പതി മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് മാത്രമാണ് സംഭവിക്കുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.മരണകാരണമായ അരഡസനിലധികം ദോഷഫലങ്ങളുള്ള എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ യാതൊരു ദോഷഫലങ്ങളുമില്ലാത്തതാണെന്ന പച്ചക്കള്ളം പറഞ്ഞു ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന ഐ എം എ ഭാരവാഹികള്‍ക്കെതിരെയാണ് കൊലപാതകക്കുറ്റത്തിന് കേസെടുക്കേണ്ടതെന്ന് വടക്കഞ്ചേരി പറഞ്ഞിരുന്നു.രോഗികള്‍ അറിയാതെ മരുന്നു പരീക്ഷണങ്ങള്‍ നടത്തി നിരവധി പേരെ ഭീകരമായ മരണത്തിലേക്ക് തള്ളിവിട്ടത് കേരളത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളാണ്.
സംസ്ഥാനം നിപയെന്ന മാരകരോഗത്തിന്റെ ഭീതിയില്‍ കഴിഞ്ഞ സമയത്തും ഇയാള്‍ വ്യാജപ്രചരണവുമായി രംഗത്തെത്തിയിരുന്നു.നിപ്പ പരത്തുന്നത് പഴം തീനി വവ്വാലുകളാണെന്നത് തെറ്റാണെന്ന് സ്ഥാപിക്കാനായി വവ്വാല് കടിച്ച പഴവര്‍ഗ്ഗങ്ങള്‍ തിന്നുകൊണ്ട് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.