പത്തനാപുരം:കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലാണ് സംഭവം.പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂള്‍ അധ്യാപികയായ സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കണ്ടെത്തിയത്.കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോളാണ് കിണറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.ഉടന്‍ പോലീസും ഫയര്‍ഫോഴ്സും എത്തി പരിശോധിച്ചപ്പോഴാണ് ഇത് സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്.കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.കിണറിന്റെ തൂണിലും കന്യാസ്ത്രീയുടെ മുറിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.കന്യാസ്ത്രീയുടെ മുടിമുറിച്ച നിലയിലാണ്.
മരിച്ച കന്യാസ്ത്രീയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസങ്ങളിലും ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നെന്നും കോണ്‍വെന്റിലുള്ളവര്‍ പറയുന്നു.ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഇവര്‍ കടുത്ത മാനസികസംഘര്ഷത്തിലായിരുന്നെന്നും ഇക്കാരണം കൊണ്ട് സിസ്റ്റര്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് അന്തേവാസികള്‍ പറയുന്നത്.
എന്നാല്‍ സമീപവാസികളില്‍ ചിലര്‍ പറയുന്നത് ഇന്ന് പള്ളിയില്‍ പ്രാര്‍ത്ഥിച്ച് മടങ്ങുന്ന സിസ്റ്ററെ കണ്ടിരുന്നെന്നാണ്.കിണറിന് സമീപം രക്തക്കറ കണ്ടെത്തിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നതാണ് പൊലീസ് നല്കുന്ന സൂചന.കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.