ഗുരുദാസ്പുര്‍: ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ ഗുരുദാസ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയമുറപ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖറാണ് മുന്നേറ്റം നടത്തുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍കൂടിയായ സുനില്‍ ജാഖറിന്റെ ലീഡ് ഒരു ലക്ഷം കവിഞ്ഞു.

ബി.ജെ.പിയുടെ സ്വരണ്‍ സലാറിയയാണ് സുനില്‍ ജാഖറിന്റെ മുഖ്യ എതിരാളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ആം ആദ്മി പാര്‍ട്ടിയും ഇത്തവണ രംഗത്തുണ്ട്. എ.എ.പിക്കുവേണ്ടി റിട്ട. മേജര്‍ ജനറല്‍ സുരേഷ് ഖജാരിയയാണ് മത്സരിക്കുന്നത്.
ചലച്ചിത്ര നടനും ബിജെപി നേതാവുമായ വിനോദ് ഖന്ന തുടര്‍ച്ചയായി നാലുതവണ ജയിച്ച മണ്ഡലമാണ് ഗുരുദാസ്പുര്‍. വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ഇതിലും മികച്ച ദീപാവലി സമ്മാനം വേറെയില്ലെന്ന് ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ധു പറഞ്ഞു.