ആലപ്പുഴ:ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളില്‍ ഭൂചലനമുണ്ടായി.നിരവധി വീടുകള്‍ക്ക് വിള്ളലേറ്റതിനെത്തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
ആലപ്പുഴയുടെ തെക്കന്‍ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.നൂറനാടിനടുത്ത് കുടശ്ശനാട് മേഖലയില്‍ ഉച്ചയോടു കൂടെ വലിയ മുഴക്കം കേള്‍ക്കുകയും,തുടര്‍ന്ന് നൂറിലധികം വീടുകള്‍ക്ക് വിള്ളലുകളുണ്ടായതായും പ്രദേശവാസികള്‍ പറഞ്ഞു.വിള്ളലുകളുണ്ടായ വീടുകളില്‍ താമസിക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ വീടൊഴിഞ്ഞ് മാറണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.പാലമ്മേല്‍,ആദിക്കാട്ടുകുളങ്ങര,ചാരുംമൂട്, എന്നിവിടങ്ങളിലും ഭൂമികുലുക്കമുണ്ടായി.
പത്തനംതിട്ടയിലെ അടൂരിനടുത്ത് പള്ളിക്കല്‍ പഞ്ചായത്ത്,പഴകുളം,പുള്ളിപ്പാറ,കോല മല മേഖലകളിലും പന്തളത്തും ഭൂചലനം അനുഭവപ്പെട്ടു.
റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രതയുള്ള ഭൂചലനങ്ങള്‍ രേഖപ്പെടുത്താറില്ല.ഇപ്പോഴുണ്ടായ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.