ന്യൂഡല്‍ഹി:300 സീറ്റുകൾ നേടി 2019 ൽ പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് ബിജെപിയുടെ സർവ്വേ ഫലം. ആകെ വോട്ട് വിഹിതത്തിന്റെ 51% എൻഡിഎയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ 12% കൂടുതലാണ് ഇത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 282 സീറ്റുകളും എൻഡിഎ 336 സീറ്റുകളുമാണ് നേടിയത് എന്നാൽ എൻഡിഎ 360 സീറ്റ് നേടുമെന്ന് സർവേ പ്രവചിക്കുന്നു.  ശ്രദ്ധേയമായ കാര്യം മറ്റു സർവ്വേകൾ എൻഡിഎയ്ക്ക് 300 താഴെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളത് . തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി ഇന്ധന വിലവർദ്ധനവ് എന്നിവ നിലനിൽക്കുമ്പോഴാണ് പുതിയ സർവേയുമായി ബിജെപി എത്തുന്നത്. ബിജെപി പോരിനിറങ്ങുന്നത് മോദിയെന്ന ബ്രാൻഡ് അമിത് ഷായുടെ സംഘാടന മികവ് കേന്ദ്ര സർക്കാരിൻറെ ഭരണനേട്ടങ്ങൾ നായകനില്ലാത്ത പ്രതിപക്ഷം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി ആയിരിക്കും. പ്രതിപക്ഷം എന്ന നിലയിൽ പോലും കോൺഗ്രസ് പൂർണ പരാജയമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം. അജയ്യ ഭാരതം അടൽ ബിജെപി എന്ന പുത്തൻ പ്രതീക്ഷ വാനോളം ഉയർത്തി ഭരണനേട്ടങ്ങളും വികസന മുദ്രാവാക്യങ്ങളും എണ്ണിപ്പറഞ്ഞു കൊണ്ടായിരിക്കും ബിജെപി പോരാട്ടത്തിനിറങ്ങുക. പാർട്ടി അൻപത് വർഷം രാജ്യം ഭരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ പറയുമ്പോൾ അൻപത് പോയിട്ട് 2019 ൽ വീണ്ടും അധികാരത്തിലേറാമെന്ന ആത്മവിശ്വാസം പോലും വെറുതെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.