തിരുവനന്തപുരം: ഒക്‌ടോബര്‍ 31നകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ വാക്കുകള്‍ ജലരേഖയായി. മഴക്കാലത്തിന് മുന്നേ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി വകയിരുത്തിയ 300 കോടി രൂപയില്‍ 30 കോടി പോലും ചെലവഴിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം. പൊതുമരാമത്ത് വകുപ്പ് തന്നെയാണ് ഈ കണക്ക് പുറത്തുവിട്ടത്. മന്ത്രി പറഞ്ഞ സമയം അവസാനിക്കാന്‍ 14 ദിവസം മാത്രം ബാക്കി നില്‍ക്കെ പണി തീര്‍ക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, മഴ പെയ്ത് കുഴികളായി മാറിയ റോഡുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ വന്‍ ഗര്‍ത്തങ്ങളായി മാറുമെന്ന് ഉറപ്പായി. കരാര്‍ ഏറ്റെടുത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ ആളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ 20 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല.
റോഡിലെ കുഴിയടക്കലും അറ്റകുറ്റപ്പണിയും യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്നായിരുന്നു ഒരുമാസം മുമ്പ് മന്ത്രി ജി. സുധാകരന്‍ ഉത്തരവ് നല്‍കിയിരുന്നത്. ഇതിനായി പലതവണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വിളിച്ച് മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരുകാര്യവും നടന്നില്ലെന്ന് മാത്രം. കരാറുകാര്‍ സഹകരിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. അതേസമയം, റോഡ് നിര്‍മ്മാണത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പലതവണ സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് കരാറുകാരും പറയുന്നു. അതിനാല്‍, മന്ത്രിയുടെ വാക്കുകള്‍ തല്‍ക്കാലം മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് കരാറുകാരുടെ തീരുമാനം. നേരത്തെ റോഡ് നിര്‍മ്മാണത്തിന് നാല് ശതമാനം കോമ്പൗണ്ടിംഗ് ടാക്‌സ് ആണുണ്ടായിരുന്നത്. എന്നാല്‍ ചരക്കുസേവന നികുതി വന്നതോടെ അത് 12 മുതല്‍ 18 ശതമാനം വരെയായി ഉയര്‍ന്നു. നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധനവും സാധനങ്ങളുടെ ദൗര്‍ലഭ്യവും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നിര്‍മ്മാണം ഏറ്റെടുത്താല്‍ യഥാസമയം പൂര്‍ത്തിയാക്കാനാവില്ലെന്നും കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ മാത്രം മൂവായിരത്തോളം കരാറുകാരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഡിസംബറില്‍ തീര്‍ക്കേണ്ട 60 ശതമാനം പണിയില്‍ ഇതുവരെ തീര്‍ന്നത് 20 ശതമാനം മാത്രമാണ്. വലുതും ചെറുതുമായി അയ്യായിരത്തോളം പൊതുമരാമത്ത് കരാറുകാരും പണിയേറ്റെടുക്കാനോ ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കാനോ തയ്യാറാകുന്നില്ല. ഇതിനിടെ, ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ ശബരിമല പാതയുടെ നവീകരണം മുടങ്ങിയതും സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. സന്നിധാനത്തിലേക്ക് അയ്യപ്പ ഭക്തരെ നയിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവൃത്തികളുമാണ് മുടങ്ങിയത്.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി ഹൈക്കോടതി നിര്‍ദ്ദേശിച്ച 17 റോഡുകള്‍ അടക്കം 37 പ്രധാന റോഡുകളിലും നിര്‍മ്മാണം നടക്കേണ്ടതുണ്ട്. ഇതിനായി 140 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ, രക്കുസേവന നികുതി ഏകീകരണത്തിന് നടപടി ആവശ്യപ്പെട്ട് കരാറുകാരുടെ വിവിധ സംഘടനകള്‍ ദേശീയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം, കരാറുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ഇന്ന് ധനമന്ത്രി തോമസ് ഐസക്ക് കരാറുകാരുടെ യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസ്സം നില്‍ക്കുകയും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. ഇക്കൊല്ലത്തെ കാലവര്‍ഷക്കെടുതിയില്‍ താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവൃത്തികളും തടസ്സപ്പെടുത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കരാറുകാര്‍ മാറിനില്‍ക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
കരാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രിയുടെ ഭീഷണി
തിരുവനന്തപുരം: റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന ഭീഷണിയുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ രംഗത്ത്. ചില കരാറുകാര്‍ ജി.എസ്.ടിയുടെയും ഖനനത്തിന്റെയും പേരില്‍ പ്രക്ഷോഭരംഗത്താണെന്നു പറഞ്ഞ് റോഡ് പ്രവൃത്തികള്‍ തടസ്സപ്പെടുത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇന്നലെ പുനലൂരില്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരുകൂട്ടം കരാറുകാരുടെ നേതൃത്വത്തിലുളള ഗുണ്ടാസംഘം വനിതകളായ എഞ്ചിനീയര്‍മാരെ ഭീഷണിപ്പെടുത്തുകയും പ്രവൃത്തി തടസ്സപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇത് തികച്ചും അപലപനീയമാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനുപകരം പ്രവൃത്തികള്‍ തടസ്സപ്പെടുത്തി അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ന്യായീകരിക്കത്തക്കതല്ല. ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തും. അവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും. ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുളള എല്ലാ നടപടികളും ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.