ഗുണ്ടകൾക്കെതിരെ പരാതി നൽകിയ വീട്ടമ്മയെ തുമ്പ പോലീസ് ലോക്കപ്പിൽ മർദ്ദിച്ചെന്നു ആക്ഷേപം. മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. കുളത്തൂർ പുതുവൽ മണക്കാട് വീട്ടിൽ പ്രീതയാണ് പരാതിക്കാരി. ഇവർ ഇപ്പോൾ ചികിത്സയിലാണ്. വെള്ള പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങി എന്നും രണ്ടു വ്യക്തികൾക്കെതിരെ മൊഴി നൽകിയാൽ വിടാമെന്ന് പറഞ്ഞു എന്നും ഇവർപറഞ്ഞു. കഴിഞ്ഞ 31നാണ് പ്രീതയ്ക്ക് ഗുണ്ടകളുടെ മർദ്ദനമേറ്റത് ഇവർ താമസിക്കുന്ന വാടക വീടിനു മുന്നിൽ വച്ചായിരുന്നു. വീട്ടുടമയെ അന്വേഷിച്ച്  ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗസംഘമാണ് മർദ്ദിച്ചത്. ഓഗസ്റ്റ് രണ്ടിന് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു എന്നും ഇവർക്കൊപ്പം മറ്റ് രണ്ടുപേരെ കൂടി ഉൾപ്പെടുത്തി നടത്തിയ തിരിച്ചറിയൽ പരേഡിൽ യുവതി പ്രതികളെ തിരിച്ചറിഞ്ഞില്ല എന്നും ഇവരുടെ പരാതി വ്യാജമാണെന്നും ആണ് പോലീസ് പറയുന്നത്.പ്രീതയെചോദ്യംചെയ്യുന്നത് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. ഓഗസ്റ്റ് 4ന് രാത്രി 12 മണിയോടെ ചോദ്യംചെയ്യുന്നതിനിടെ മർദ്ദിച്ച് കുഴഞ്ഞുവീണ തന്നെ വനിതാ പോലീസുകാർ ജീപ്പിൽ ബന്ധുവീട്ടിൽ എത്തിച്ച ശേഷം കടന്നുകളഞ്ഞു എന്നും പ്രീത ആരോപിച്ചു. സംസ്ഥാന പോലീസ് കംപ്ലൈന്റ് അതോറിറ്റി, ഡിജിപി ,മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ അധ്യക്ഷ എന്നിവർക്ക് സോഷ്യൽ മീഡിയയിൽ പോലീസ് ഇട്ട വീഡിയോ അടക്കം യുവതി പരാതി നൽകിയിരുന്നു.