പട്‌ന(ബിഹാര്‍):ട്രെയിനി നേഴ്‌സിനെ ലൈംഗീകമായി ഉപദ്രവിച്ച ഡോക്ടറെ ആശുപത്രിയിലെ നഴ്സുമാര്‍ വളഞ്ഞിട്ട് തല്ലി.ബീഹാറിലെ കത്തിഹാര്‍ ജില്ലാ ആശുപത്രിയിലെ ഡോ.ജാവേദിനെയാണ് നഴ്സുമാര്‍ കയ്യേറ്റം ചെയ്തത്.ഇയാളെ കൊല്ലൂ എന്ന് അലറിക്കൊണ്ട് നഴ്സുമാര്‍ ചെരുപ്പുപയോഗിച്ച് ഡോക്ടറെ തല്ലുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.
ട്രെയിനി നഴ്‌സിനെ പീഡിപ്പിച്ചെന്ന് കാട്ടി നഴ്‌സുമാര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്കിയിരുന്നു.എന്നാല്‍, നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് പ്രകോപിതരായ നഴ്‌സുമാര്‍ ഡോക്ടറെ തങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ നഴ്‌സുമാര്‍ സംഘം ചേര്‍ന്ന് ഡോക്ടറുടെ ക്യാബിനിലെത്തി ഡോക്ടറെ മര്‍ദിക്കുകയായിരുന്നു.
ഡോക്ടറെ മര്‍ദനത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ പുരുഷനഴ്‌സുമാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.ഒടുവില്‍ ഡോക്ടര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.കൂട്ടത്തല്ലില്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കും പരിക്കേറ്റു.