കൊച്ചി:പ്രശസ്ത നടന് ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു.കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ച് മസ്തിഷ്കാഘാതമുണ്ടായതിനെത്തുടര്‍ന്ന്
കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ ക്യാപ്റ്റന്‍ രാജു വേഷമിട്ടു.കൂടുതല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോഴും നായകനൊപ്പം പ്രാധാന്യമുള്ള വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.കരുത്തും സൗന്ദര്യവും നിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങള്‍…’നാടോടിക്കാറ്റി’ലെ ചിരിപ്പിക്കുന്ന വില്ലനായ ‘പവനായി’യോളം ശ്രദ്ധേയമായ കഥാപാത്രം മലയാളത്തില്‍ വില്ലന്‍ വേഷം ചെയ്യുന്ന മറ്റൊരു നടനും ലഭിച്ചിട്ടില്ല.ക്യാപ്റ്റന്‍ രാജു അതുല്യമായ അഭിനയം കാഴ്ചവെച്ച ഒരു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര് എന്ന കഥാപാത്രം നായകനായ മമ്മൂട്ടിയുടെ ചന്തുവിനൊപ്പം എക്കാലവും പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്ക്കുന്നു.വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുമ്പോഴും ക്യാരക്ടര്‍ വേഷങ്ങളും കോമഡി വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.തന്റെ നെഗറ്റീവ് വേഷങ്ങള്‍ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി ജനങ്ങള്‍ കാണുമോ എന്ന ആശങ്കകളും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്.ഇതാ ഒരു സ്നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ചെറുപ്പത്തിലെ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം സൈനിക സേവനത്തിന് ശേഷം 1981-ലാണ് പുറത്തിറങ്ങിയ ‘രക്തം’ എന്ന സിനിമയിലൂടെയാണ് രാജു സിനിമയിലെത്തിയത്.മാസ്റ്റര്‍ പീസാണ് അവസാനമായി അഭിനയിച്ച ചിത്രം.പ്രമീളയാണ് അദ്ദേഹത്തിന്റെ ഭാര്യ.മകന് രവിരാജ്.