തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമായ ടെക്നോസിറ്റിക്ക് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 27ന് ശിലാസ്ഥാപനം നിര്‍വഹിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിനാണ് അദ്ദേഹം ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. പള്ളിപ്പുറം, മംഗലപുരം ഭാഗത്തായി നാഷണല്‍ ഹൈവയേക്ക് ഇരുവശവുമായി 400 ഏക്കറുകളിലാണ് ടെക്നോസിറ്റി പദ്ധതി നടപ്പാക്കുന്നത്. അതില്‍ 300 ഏക്കര്‍ ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിലുള്ള വികസനത്തിനായി മാറ്റിവച്ചിരിക്കുമ്പോള്‍ 100 ഏക്കറില്‍ രാജ്യത്തെ ആദ്യത്തെ നോളജ് സിറ്റിയും ഉയരും.
ടെക്നോപാര്‍ക്കിന്റെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി ഒരു ലക്ഷത്തോളം ജീവനക്കാര്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നും ടെക്നോസിറ്റി കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരു ലക്ഷം പേര്‍ക്കു കൂടി തൊഴില്‍ ലഭിക്കുമെന്നും ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. കേരളത്തെ ലോകത്തിന്റെ ഐ.ടി ഭൂപടത്തില്‍ എത്തിക്കുന്നതിനായുള്ള സുപ്രധാനമായ ശ്രമമാണ് ടെക്നോസിറ്റിയിലൂടെ നടപ്പാകുന്നതെന്നും ഐ.ടി വകുപ്പിന്റെ വികസനലക്ഷ്യത്തില്‍ ടെക്നോസിറ്റി നിര്‍ണ്ണായകമായ കാല്‍വയ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ആദ്യത്തെ ഐ.ടി കെട്ടിടം പണിതുയര്‍ത്തുന്നത്.
2019 ല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനയോഗ്യമാക്കുന്ന മുറയ്ക്ക് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെറുകിട, ഇടത്തരം ഐ.ടി കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഈ കെട്ടിടത്തില്‍ സ്ഥലം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കമ്പനികള്‍ വികസന പാതയിലായതിനാല്‍ നിരവധി അപേക്ഷകളാണ് ലഭിക്കുന്നതെന്നും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തോടെ ഇതു പരിഹരിക്കപ്പെടുമെന്നും സംസ്ഥാന ഐ.ടി പാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ പറഞ്ഞു. നോളജ് സിറ്റിയില്‍ ഗവേഷണവും, വികസനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഐ.ടി സാങ്കേതിക വിദ്യയിലെ പുത്തന്‍ പ്രവണതകളായ കോഗ്നിറ്റീവ് അനാലിറ്റിക്സ്, ഐ.ഒ.ടി, സൈബര്‍ സെക്യൂരിറ്റി, ബ്ലോക് ചെയിന്‍, ഇ മൊബിലിറ്റി, സ്പെയ്സ് സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയ്ക്ക് ടെക്നോസിറ്റിയില്‍ കൂടുതല്‍ പരിഗണ നല്‍കുമെന്നും ഋഷികേശ് നായര്‍ പറഞ്ഞു. ടി.സി.എസ്, സണ്‍ടെക്, ട്രിപ്പിള്‍ ഐ.ടി.എം.കെ, കെയ്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ സ്ഥലമെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.