തിരുവനന്തപുരം: തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങള്‍ക്കൊപ്പം നടന്ന ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്ക് ഇന്ന് സമാപനം. ഇന്ന് വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച ജനരക്ഷാ യാത്രയെ ജനങ്ങള്‍ തള്ളിക്കളഞ്ഞത് ബി.ജെ.പി-ആര്.എസ്.എസ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത സമാധാനവും സഹവര്‍ത്തിത്വവും നിറഞ്ഞ കേരളത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ലക്ഷ്യമായിരുന്നു ജനരക്ഷാ യാത്രയിലൂടെ ബി.ജെ.പി ലക്ഷ്യം വെച്ചതെന്ന പ്രചരണം ശക്തമാവുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച യാത്രയ്ക്ക് കേരളത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ജനദ്രോഹ നയങ്ങളിലൂടെ മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ യാത്രയുടെ പങ്കാളിത്തം ശുഷ്കമായി.
കേരളത്തെയും മലയാളികളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പ്രസംഗങ്ങളായിരുന്നു ജനരക്ഷായാത്രയിലുടനീളം കേന്ദ്രനേതാക്കള്‍ മുഴക്കിയത്. ആദ്യദിവസം മുതല്‍ ഉയര്‍ന്ന വിവാദങ്ങള്‍ അവസാന ദിവസം വരെ നീണ്ടുനില്‍ക്കുകയും ചെയ്തു. ഉദ്ഘാടന വേദിയില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവഗാനം പാടി സി.കെ പത്മനാഭനാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അമിത്ഷായും യോഗി ആദിത്യനാഥും കേരളത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. യാത്രയ്ക്ക് പങ്കാളിത്തമില്ലെന്ന് മനസിലാക്കിയതോടെ അമിത്ഷാ ദല്‍ഹിക്ക് തിരിച്ചുപോയതും വിവാദച്ചൂട് ഉയര്‍ത്തി. കണ്ണൂരില്‍ നടത്തിയ മാര്‍ച്ചിനിടെ സി.പി.എം നേതാവ് പി. ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പൊലീസ് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് എടുത്തതും വിവാദമായി. വേങ്ങരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നാലാംസ്ഥാനത്ത് എത്തിയതിലൂടെയും ജനരക്ഷാ യാത്രയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു. അതേസമയം, യാത്രയുടെ പേരില്‍ ബി.ജെ.പിക്കുള്ളില്‍ ഭിന്നത രൂക്ഷമാണ്. ഇപ്പോഴൊരു യാത്ര വേണ്ടെന്ന് വിവിധ നേതാക്കള്‍ പറഞ്ഞിട്ടും കുമ്മനം രാജശേഖരന് നിര്‍ബന്ധ ബുദ്ധിയില്‍ എടുത്ത തീരുമാനമായിരുന്നു യാത്രയെന്നാണ് നേതാക്കളുടെ നിലപാട്. അരലക്ഷം പേര് സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.