തിരുവനന്തപുരം:കേരളതീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കൊച്ചി,പൊന്നാനി, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍  ഇന്ന് രാത്രി പതിനൊന്ന് മണിവരെ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും ഫലമായാണ് തിരകള്‍ ശക്തി പ്രാപിക്കുന്നത്.
കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ ചുവടെ:-

1.വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്ത് ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്.

2 . തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്.

3 . ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ അകലം പാലിക്കേണ്ടതാണ്

4 . തീരങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ആഘാതം കൂടുതലായിരിക്കും എന്നതിനാല്‍ വിനോദ സഞ്ചാരികള്‍ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കുക.

5. ബോട്ടുകളും വള്ളങ്ങളും തീരത്ത് നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കുക.