തിരുവനന്തപുരം:അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറുമുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
തീരദേശ ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും തീരപ്രദേശത്തെ ജനപ്രതിനിധികള്‍ക്കും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥപനങ്ങള്‍ക്കും ഫിഷറീസ് വകുപ്പ് ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കൈമാറണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.
ദീര്‍ഘനാളത്തേക്ക് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കണം.അവര്‍ ഒക്ടോബര്‍ അഞ്ചിന് മുന്‍പ് സുരക്ഷിതമായി തീരത്ത് തിരിച്ചെത്തണം.
കടല്‍ ആംബുലന്‍സുകള്‍ സുസജ്ജമാണ് എന്ന് ഉറപ്പുവരുത്തണമെന്നും അടിയന്തിര രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറു മുതല്‍ കേന്ദ്ര കാലവസ്ഥാ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുതെന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്‍കണമെന്ന് തീരദേശ പോലീസിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.