തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനത്തില്‍ വീണ്ടും നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്.സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല.ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ബോര്‍ഡ് നിലപാട് തിരുത്തിയത്.  കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാനും തീരുമാനമായി.മണ്ഡല മകരവിളക്ക് കാലത്തേക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.1000 ശൗചാലയങ്ങള്‍ നിര്‍മ്മിക്കും.നിലവില്‍ 400 ശൗചാലയങ്ങള്‍ ഉണ്ട്.
കിഫ്ബിയില്‍നിന്നും 150 കോടി വായ്പയെടുത്ത് 10000 പേര്‍ക്ക് വിരിവെക്കാനുള്ള സംവിധാനമുണ്ടാക്കും. ജനുവരിയില്‍ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കും.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയനുസരിച്ച് മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.നിയമവാഴ്ച്ചയ്ക്കൊപ്പം നില്‍ക്കാനേ സര്‍ക്കാരിന് കഴിയൂ.റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നില്ലെന്നും ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.