തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ വീണ്ടും സമരത്തിലേക്ക് .
നവംബര്‍ ഒന്നു മുതലാണ് സമരം.തൃശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ കോ-ഓഡിനേഷന്‍ യോഗത്തിലാണ് തീരുമാനം.ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം.
മിനിമം ചാര്‍ജ് എട്ടുരൂപയില്‍നിന്നും 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് 2.5 കിലോമീറ്റര്‍ ആയി കുറയ്ക്കണം.വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം അഞ്ച് രൂപയാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നികുതിയിളവ് നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
ബസ് നിരക്ക് ഒടുവില്‍ കൂട്ടിയത് മാര്‍ച്ചിലാണെന്നും അന്ന് ഡീസല്‍ വില 62 രൂപയായിരുന്നെന്നും ബസ്സുടമകള്‍ പറഞ്ഞു.ഇപ്പോള്‍ 18 രൂപയോളം വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ല.സമരം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബസ്സുടമകള്‍ പറഞ്ഞു.