തിരുവനന്തപുരം:പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയെ ശുദ്ധീകരിക്കാന്‍ നടപടി.അനധികൃതമായി അവധിയില്‍ തുടരുന്ന 773 ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചു വിട്ടത്.ദീര്‍ഘനാളായി ജോലിക്കു ഹാജരാകാതെയും അനധികൃതമായി അവധിയെടുത്തും മുങ്ങിനടന്ന 304 ഡ്രൈവര്‍മാരെയും,469 കണ്ടക്ടര്‍മാരെയും എന്നിവരെയാണ് പിരിച്ചുവിട്ടത്.ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മെയ് 31 വരെ സമയപരിധി വച്ചെങ്കിലും വിശദീകരണം നല്‍കാത്തവരെയാണ് പിരിച്ചുവിട്ടത്.
കെഎസ്ആര്‍ടിസിയില്‍ ജോലി നേടിയ ശേഷം അവധിയെടുത്ത് ഗള്‍ഫിലും മറ്റും ജോലിക്കുപോയ രണ്ടായിരത്തോളംപേരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയിരുന്നു.എംജി രാജമാണിക്യം എംഡിയായിരുന്നപ്പോഴാണ് ഇതിനായുള്ള നടപടികള്‍ തുടങ്ങിയത്.തുടര്‍ന്ന് പിരിച്ചുവിടല്‍ ഭയന്ന് കുറച്ചുപേര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു.
ദീര്‍ഘകാലം അവധിയില്‍ പോയവര്‍ പെന്‍ഷനാവുന്നതിനു ഒന്നു രണ്ടുമാസം മുന്‍പ് വ്യാജ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി തിരികെ ജോലിയില്‍ പ്രവേശിക്കുകയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നേടുകയും ചെയ്യുന്നുണ്ട്.ഇത്തരക്കാരെ ഒഴിവാക്കുന്നതിലൂടെ ജീവനക്കാരുടെ എണ്ണം സര്‍വീസിന് അനുസൃതമായി ക്രമപ്പെടുത്താന്‍ സാധിക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.മെക്കാനിക്കല്‍,മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിലും അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടേയും കണക്കെടുത്ത് പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.