പന്തളം:മുഖ്യമന്ത്രിയുമായുളള തിങ്കളാഴ്ച നടത്താനിരുന്ന സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധനാഹര്‍ജി നല്കുന്ന കാര്യത്തില്‍ തീരുമാമായശേഷമേ ചര്ച്ചയുള്ളെന്ന് തന്ത്രി കണ്ഠരര് മോഹനരര് പറഞ്ഞു.വിവിധ സംഘടനകളുമായി ചേര്‍ന്ന് നാളെ തന്ത്രി കുടുംബം പുനഃപരിശോധനാഹര്‍ജി നല്‍കിയേക്കും.യോഗക്ഷേമസഭയും തന്ത്രികുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം,തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു.വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം പിന്നെ ചര്‍ച്ചയ്ക്ക് വിളിയ്ക്കുന്നതില്‍ യുക്തിയില്ലെന്ന് പന്തളം രാജകുടുംബത്തിന്റെ പ്രതിനിധി ശശികുമാരവര്‍മ വ്യക്തമാക്കി.തന്ത്രി കുടുംബവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചര്‍ച്ച നടത്താനായിരുന്നു ആദ്യം ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ നേരിട്ട് കാണാന്‍ തീരുമാനിയ്ക്കുകയായിരുന്നു.സ്ത്രീപ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടില്‍ സര്‍ക്കാറിനും സിപിഎമ്മിനും വിട്ടുവീഴ്ചയില്ല.