പാലക്കാട്:നേര്‍ച്ചയുടെ ഭാഗമായി മുടി നീട്ടിവളര്‍ത്തിയ ആദിവാസി യുവാക്കളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ച സംഭവത്തില്‍ എസ്‌ഐയെ സ്ഥലംമാറ്റി.പാലക്കാട് മീനാക്ഷിപുരം സ്‌റ്റേഷനിലെ എസ്‌ഐ വിനോദാണ് നടപടി നേരിട്ടത്.സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.മീനാക്ഷിപുരത്തിനടുത്ത് മൂലത്തറയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയതായിരുന്നു പ്രദേശവാസികളായ സഞ്ജയ്,നിധീഷ് എന്നിവരും ഇവരുടെ സുഹുത്തും.ഉത്സവസ്ഥലത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തില്‍ ഇവരുമുണ്ടായിരുന്നു.എന്നാല്‍ ഇവര്‍ക്ക് സംഘര്‍ഷവുമായി ബന്ധമില്ലെന്ന് പോലീസിന് വ്യക്തമായെങ്കിലും ഇവരുടെ നീണ്ട മുടി മുറിച്ച ശേഷം വീട്ടില്‍ പോയാല്‍ മതിയെന്ന് എസ്ഐ നിര്‍ബന്ധം പിടിക്കുകയായിരുന്നെന്ന് യുവാക്കള്‍ പറയുന്നു.
നേര്‍ച്ചയുടെ ഭാഗമായാണ് മുടി വളര്‍ത്തിയതെന്ന് യുവാക്കള്‍ പറഞ്ഞെങ്കിലും ഇത് കേള്‍ക്കാതെ എസ്ഐ വിനോദും രണ്ട് പൊലീസുകാരും ചേര്‍ന്ന് യുവാക്കളെ പൊലീസ് ജീപ്പില്‍ ബാര്‍ബര്‍ഷോപ്പിലെത്തിച്ച് മൊട്ടയടിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പാലക്കാട് പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐക്കെതിരെ നടപടിയെടുത്തു.എസ്‌ഐ വിനോദിനെ കല്ലേക്കാട് എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.48 മണിക്കൂറിനുള്ളില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.