കോഴിക്കോട്:കവി എം.എന്‍.പാലൂര്‍ (86)അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചരയോടെ കോവൂരിലെ വസതിയിലായിരുന്നു അന്ത്യം.
‘പേടിത്തൊണ്ടന്‍’ ആണ് പാലൂരിന്റെ ആദ്യ കവിതാസമാഹാരം. കലികാലം,തീര്‍ഥയാത്ര,സുഗമ സംഗീതം,കവിത,ഭംഗിയും അഭംഗിയും, പച്ച മാങ്ങ,കഥയില്ലാത്തവന്റെ കഥ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.കലികാലത്തിന് 1983ല്‍ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.പാലൂരിന്റെ ആത്മകഥയായ ‘കഥയില്ലാത്തവന്റെ കഥ’യ്ക്ക് 2013-ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.2009-ലെ ആശാന്‍ സാഹിത്യപുരസ്‌കാരവും ലഭിച്ചു.
1932 ല്‍ എറണാകുളം പരവൂര്‍ പാലൂരു മനക്കല്‍ മാധവന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് എംഎന്‍ പാലൂര്‍ ജനിച്ചത്.ഔപചാരികവിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിലും ചെറുപ്പത്തില്‍ സംസ്‌കൃതവും കഥകളിയും അഭ്യസിച്ചിരുന്നു.ബോംബെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി ജോലിചെയ്ത ശേഷം,1990-ലാണ് വിരമിച്ചത്.
ഭാര്യ: ശാന്തകുമാരി.ഏക മകള്‍: സാവിത്രി