വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ സീമ വര്‍മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ഇന്നലെ നടന്ന ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു.
അമേരിക്കന്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ട്രംപിനൊപ്പം ദീപാവലി ആഘോഷിച്ചു. ട്രംപിന്റെ മകള്‍ ഇവാന്‍കയും ആഘോഷത്തിനെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് ആയ ഓവല്‍ ഓഫീസായിരുന്നു ആഘോഷത്തിന് വേദിയായത്.
ആഘോഷം സംഘടിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. അമേരിക്കയ്ക്ക് ഇന്ത്യന്‍-അമേരിക്കന്‍ സുഹൃത്തുക്കള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കല, ശാസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും അമേരിക്കന്‍ സൈന്യത്തിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു.
ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലം മുതലാണ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത്. അക്കാലത്ത് വൈറ്റ് ഹൗസിന്റെ ഭാഗമായ ഇന്ത്യ ട്രീറ്റി റൂം എന്നറിയപ്പെടുന്ന ഹാളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടത്താറുണ്ടായിരുന്നത്. എന്നാല്‍ പ്രസിഡന്റ് ബുഷ് നേരിട്ട് പരിപാടിയില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഒബാമയുടെ കാലം മുതല്‍ പ്രസിഡന്റും ആഘോഷത്തില്‍ പങ്കെടുക്കുന്ന പതിവ് ആരംഭിച്ചു.
https://www.facebook.com/DonaldTrump/videos/10160011016295725/