തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരേ വ്യാപകമായ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) കാംപെയ്ന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിന്റെ ഭാഗമായി നവംബര്‍ 13 മുതല്‍ 19 വരെ ആന്റിബയോട്ടിക് അവബോധ ആഴ്ച ആചരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാലും ഫലം കാണാത്തവിധം മരുന്നുകളോട് പ്രതികരണശേഷി ഇല്ലാത്ത രോഗാണുക്കളുടെ തോത് കുറച്ചുകൊണ്ടുവരേണ്ടത് രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്. ഇതിനായി ആരോഗ്യം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രചാരണം ആസൂത്രണം ചെയ്യുന്നത്.
മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിടങ്ങളിലുമുള്ള അനിയന്ത്രിത ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സിന് കാരണമാകുന്നു. ഏറ്റവും അപകടകാരികളെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയ രോഗാണുക്കള്‍ കേരളത്തില്‍ വ്യാപകമാവുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് പരിഹരിക്കാന്‍ അനാവശ്യ ആന്റിബയോട്ടിക്ക് ഉപയോഗം കുറച്ചുകൊണ്ടുവരണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതു കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കും. ആശുപത്രികള്‍, മറ്റ് വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്താദ്യമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാനുള്ള മാര്‍ഗരേഖയും ആന്റി മൈക്രോബിയല്‍ ആക്ഷന്‍ പ്ലാനും നടപ്പാക്കും. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാരിതര ആശുപത്രികളിലും ആന്റിബയോട്ടിക് നയം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആന്റിബയോട്ടിക് സ്റ്റിവാര്‍ഡ്ഷിപ് കമ്മിറ്റികള്‍ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.
ഈ കമ്മിറ്റി എല്ലാ വകുപ്പുകളിലും ഇതു സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കുകയും ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സിന്റെ ദോഷഫലങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെയും ലോകാരോഗ്യ സംഘടന, ഐഎംഎ, മെഡിക്കല്‍ പ്രൊഫഷണല്‍ അസോസിയേഷനുകള്‍ എന്നിവയുടെയും സഹകരണം ഉറപ്പാക്കിയാവും കാംപെയ്‌നുമായി മുന്നോട്ടു പോകുകയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മന്ത്രിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.