കൊല്ലം:ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വിവാദപ്രസംഗം നടത്തിയ നടന്‍ കൊല്ലം തുളസി കുരുക്കിലായി.ശബരിമല സംരക്ഷണറാലിയില്‍ സ്ത്രീകള്‍ക്കെതിരെ അതിരൂക്ഷമായ അധിക്ഷേപം നടത്തിയ നടനെതിരെ കേസെടുത്തു.സ്ത്രീകളെ അധിക്ഷേപിക്കല്‍,മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.കൊല്ലം തുളസിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റിംയഗം രതീഷ് ചവറ പൊലിസില്‍ പരാതി നല്‍കിയിരുന്നു.ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്.
ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നാണ് കൊല്ലം ചവറയില്‍ എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണറാലിയില്‍ പങ്കെടുത്തു കൊണ്ട് കൊല്ലം തുളസി പ്രസംഗിച്ചത്.വിധി പ്രസതാവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും നടന്‍ പറഞ്ഞു.പി.എസ്.ശ്രീധരന്‍പ്പിള്ള അടക്കം മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് കൊല്ലം തുളസി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.
വിവാദപ്രസംഗം ശ്രദ്ധയില്‍പ്പെട്ട വനിതാകമ്മീഷന്‍ കൊല്ലം തുളസിക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു.സംഭവം വിവാദമായതിനു പിന്നാലെ കൊല്ലം തുളസി ഖേദം പ്രകടിപ്പിച്ചിരുന്നു.അയ്യപ്പഭക്തന്‍ എന്ന നിലയിലുള്ള വേദനയാണ് പങ്കുവെച്ചതെന്നാണ് തുളസിയുടെ വിശദീകരണം.