ദില്ലി:മീടൂ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് കേന്ദ്ര മന്ത്രി എംജെ അക്ബര്‍.തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അക്ബര്‍ പറഞ്ഞു.വിദേശത്തായതിനാലാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നത്.ലോക് സഭാ തെരഞ്ഞെടുപ്പിനു ഏതാനും മാസങ്ങള്‍ക്കുമുന്‍പ് മാത്രമുണ്ടായ ആരോപണത്തിനുപിന്നില്‍ നിക്ഷിപ്ത അജണ്ടയാണെന്നും തന്റെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അക്ബര്‍ ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ആരോപണങ്ങള്‍ തന്റെ പേര് നന്നാക്കാനാവാത്ത വിധം തകര്‍ത്തു.പ്രിയ രമണി ഒരുവര്‍ഷം മുമ്പ് ഒരുമാഗസിനില്‍ ഈ ആരോപണം ഉന്നയിച്ചതാണ് .കള്ളമാണെന്നതിനാല്‍ തന്നെ അവര്‍ പേരുകൊടുത്തില്ല.പിന്നീട് ചോദിച്ചപ്പോള്‍ അവര്‍ പേര് പറയുകയായിരുന്നു.ഒന്നും ചയ്യാത്തതിനാലാണ് പേര് ഒഴിവാക്കിയതെന്ന് അവര്‍തന്നെ പറയുമ്പോള്‍ എന്താണ് കഥ,പിന്നെ പേര് നല്കുന്നതെന്തിന്.എന്നാല്‍ വ്യക്തിഹത്യ എന്ന ഉദ്ദേശ്യം വ്യക്തമാണ്.അഞ്ജുഭാരതിയാണ് അല്‍പം കടത്തിപ്പറയുന്നത് ഞാന്‍ ഒരു സ്വിമ്മിംങ് പൂളില്‍ പാര്‍ട്ടിയിലായിരുന്നു എന്ന്.എന്നാല്‍ എനിക്ക് നീന്താനറിയില്ല എന്നതാണ് വാസ്തവം.ഗജാലാ വഹാബ് പറയുന്നത് 21 വര്‍ഷംമുമ്പ് ലൈംഗികപീഡനം നടത്തിയെന്നാണ് ഗജാലയും ഞാനും ഒരുമിച്ച് ജോലിചെയ്ത ഏഷ്യന്‍ഏജില്‍ എനിക്ക് പ്ളൈവുഡും ഗ്ളാസുംകൊണ്ടുമറച്ച ഒരു കൊച്ചുമുറിയായിരുന്നു ഉണ്ടായിരുന്നത്.അതിന് രണ്ടടി അകലത്ത് മറ്റുള്ളവരുടെ കസേരകളുണ്ടായിരുന്നു.ആ കൊച്ചുമുറിയില്‍ ഒരു പ്രവൃത്തിദിനപ്പകുതിയില്‍ ഒന്നും സംഭവിക്കില്ലെന്ന് അറിയുന്നവര്‍ക്ക് മനസിലാകും.ആരോപണം തെറ്റും അടിസ്ഥാന രഹിതവും പരപ്രേരണയാലുള്ളതുമാണ്.
എംജെ അക്ബര്‍ വിദേശയാത്രയിലായിരുന്നപ്പോഴാണ് അദ്ദേഹത്തിനെതിരായ മീടൂ ആരോപണം കത്തിപ്പടര്‍ന്നത്.അക്ബര്‍ രാജിവെച്ചുവെന്ന അഭ്യൂഹങ്ങളുണ്ടായെങ്കിലും അതേപറ്റി അക്ബറും പാര്‍ട്ടി നേതൃത്വവും മൗനത്തില്‍ത്തന്നെയാണ്.