കോഴിക്കോട്:രണ്ടാമൂഴം സിനിമയ്ക്കായി എംടിയോട് നേരില്‍ക്കണ്ട് ക്ഷമചോദിച്ച് സംവിധായകന് ശ്രീകുമാര്‍ മേനോന്.തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കേസ് ഫയല്‍ ചെയ്ത പശ്ചാത്തലത്തിലാണ് അനുരഞ്ജനനീക്കവുമായി സംവിധായകന് രംഗത്തെത്തിയത്.ഇന്നലെ രാത്രി എം.ടിയുടെ കോഴിക്കോടുള്ള വീട്ടിലെത്തിയാണ് ശ്രീകുമാര്‍ മേനോന് ക്ഷമ ചോദിച്ചത്.എംടിക്ക് നല്കിയ വാക്ക് നിറവേറ്റുമെന്നും ശ്രീകുമാര്‍ എം.ടിയെ അറിയിച്ചു.
ഒടിയന് എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായുള്ള തിരക്കിലായതിനാലാണ് രണ്ടാമൂഴം വൈകുന്നതെന്ന് ശ്രീകുമാര്‍ മേനോന് പറഞ്ഞു.നടിയെ ആക്രമിച്ച സംഭവത്തെ ഇതുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചു.ആ തെറ്റിദ്ധാരണയില്‍ വീഴരുതെന്നും എം.ടിയോട് മേനോന് അഭ്യര്‍ത്ഥിച്ചു.രണ്ടാമൂഴത്തിന്റെ പേരില്‍ നിയമയുദ്ധത്തിനില്ലെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. അതേസമയം, എം.ടി വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്.തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നെന്നാണ് സൂചന.1000 കോടി മുതല്‍മുടക്കില്‍ ബി.ആര്.ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.എം.ടിയുടെ തിരക്കഥ പ്രശ്നമല്ലെന്നും തനിക്ക് സിനിമയാണ് വലുതെന്നും ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എംടിയുടെ ഹര്‍ജിയില്‍ ‘രണ്ടാമൂഴം’ തിരക്കഥ ശ്രീകുമാര്‍ മേനോന് സിനിമയാക്കുന്നത് കോഴിക്കോട് അഡിഷണല്‍ മുന്‍സിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതിനാലാണ് പിന്മാറാന് എം.ടി തീരുമാനിച്ചത്.വര്‍ഷങ്ങള്‍ ചെലവഴിച്ച് കഠിനാദ്ധ്വാനം ചെയ്താണ് താന്‍ തിരക്കഥ തയ്യറാക്കിയത്.എന്നാല്‍ ഇതിന്റെ കാല്‍ഭാഗം പോലും ആത്മാര്‍ത്ഥത സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണിക്കുന്നില്ലെന്നും എം.ടി പറയുന്നു.നാല് വര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ളീഷ് തിരക്കഥകള്‍ നല്കി. മൂന്ന് വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍.എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ പോലും ശ്രീകുമാര്‍ മേനോന് കഴിഞ്ഞില്ലെന്നും എം.ടി പറയുന്നു.
ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ വേണമെന്നുമാണ് എം.ടിയുടെ വാദം.തിരക്കഥ കൈപ്പറ്റുമ്പോള്‍ വാങ്ങിയ മുന്‍കൂര്‍ തുക തിരികെ നല്‍കാമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ചിത്രം എപ്പോള്‍ തിരശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.