കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസിലെ ഒന്നാംപ്രതി പിവി ഹംസയെ ഹൈക്കോടതി വെറുതെവിട്ടു.ഹംസയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി.ചേകന്നൂര്‍ മൗലവി മരിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.ആകെ ഒമ്പത് പേരുണ്ടായിരുന്ന കേസില്‍ എട്ടുപേരെയും സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.ഹംസയെ മാത്രമാണ് ശിക്ഷിച്ചത്.
കോര്‍പസ് ഡെലിക്ടി സിദ്ധാന്തം അനുസരിച്ചാണ് ഹംസയെ വെറുതെ വിട്ടത്.ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കുകയോ മരിച്ചെന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തണം.എന്നാല്‍ അന്വേഷണ സംഘത്തിന് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.
2010 ലാണ് സി ബി ഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.കേസന്വേഷണത്തിനിട മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മ പി വി ഹംസയെ തിരിച്ചറിഞ്ഞതാണ് ഹംസയ്ക്കു ശിക്ഷ കിട്ടാന്‍ കാരണമായത്.
1993 ജൂലൈ 29നായിരുന്നു ചേകന്നൂര്‍ മൗലവിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മതപ്രഭാഷണത്തിനെന്ന പേരില്‍ ഒരു സംഘം മൗലവിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സെപ്ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കേസ് അന്വേഷിച്ചു.എന്നാല്‍, കേസ് ഒടുവില്‍ സി ബി ഐക്ക് കൈമാറുകയായിരുന്നു.2003ലായിരുന്നു കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.കേസിലെ എട്ടു പ്രതികള്‍ക്കെതിരെയും കൊലപാതകം,ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.