ന്യൂഡല്‍ഹി:തനിക്കെതിരെ ആദ്യമായി മീടൂ വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ മാനനഷ്ട കേസ് നല്‍കി.തനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പരാതിയില്‍ പറയുന്നു.വ്യാജ ആരോപണം ഉന്നയിച്ച പ്രിയയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബര്‍ ഉന്നയിച്ചിട്ടുണ്ട്.ദില്ലി പട്യാല കോടതിയിലാണ് ഹര്‍ജി നല്‍കിയത്.മാനനഷ്ട കേസിനെ സത്യം കൊണ്ട് നേരിടുമെന്ന് പ്രിയ രമണി പറഞ്ഞു.
ഏഷ്യന്‍ ഏജിന്റെ എഡിറ്ററായിരിക്കെ എം.ജെ.അക്ബര്‍ പീഡിപ്പിച്ചുവെന്ന് ആദ്യം വെളിപ്പെടുത്തിയത് പ്രിയ രമണിയാണ്.അതിനുപിന്നാലെ 12 മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി രംഗത്തെത്തുകയായിരുന്നു.                                                                                                                                             അക്ബറിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി അഞ്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അക്ബറിനെതിരെ പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഏഷ്യന്‍ ഏജ് റസിഡന്റ് എഡിറ്റര്‍ സുപര്‍ണ ശര്‍മ്മ പറഞ്ഞു. 2007ല്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ അക്ബര്‍ ബലമായി ചുംബിച്ചെന്ന് പരാതി പറഞ്ഞ വിദേശ മാധ്യമ പ്രവര്‍ത്തക മജിലി ദേ പോയും ഫ്രീലാന്‍സ് ജേണലിസ്റ്റ് കനിഹ ഗെലോട്ട്,ശുതാപ പോള്‍ തുടങ്ങിയവരും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി അറിയിച്ചു.