നിലയ്ക്കല്‍:കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കില്ലെന്ന ലക്ഷ്യത്തോടെ നിലയ്ക്കലില്‍ ഒരു വിഭാഗം ഭക്തര്‍ പ്രതിഷേധം ശക്തമാക്കുന്നു. ആചാരസംരക്ഷണ സമിതിയുടെ പേരില്‍ നിലയ്ക്കലില്‍ സമരം നടത്തുന്ന ഭക്തരാണ് അതുവഴി കടന്നു പോവുന്ന വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ബോധവത്കരിക്കുകയും ചെയ്യുന്നത്.തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേയാണ് നിലയ്ക്കലില്‍ ഒരു സംഘര്‍ഷാവസ്ഥയുടെ അന്തരീക്ഷമുണ്ടായിരിക്കുന്നത്.
പത്തുദിവസമായി ഇവിടെ ആചാരസംരക്ഷണസമിതി സമരം നടത്തുകയാണ്. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കയറ്റി വിടില്ല എന്ന നിലപാടിലാണ് ഇവര്‍.സ്ത്രീകളാണ് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത്.പമ്പയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് പരിശോധിച്ച് സ്ത്രീകളുടെ സംഘം രണ്ട് വിദ്യാര്‍ത്ഥിനികളെ ഇറക്കിവിട്ടു.നിലയ്ക്കലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞു കൊണ്ടാണ് സ്ത്രീകളുള്‍പ്പെട്ട സംഘം പെണ്‍കുട്ടികളെ ഇറക്കി വിട്ടത്.
രാവിലെ മുതല്‍ നിലയ്ക്കല്‍, എരുമേലി തുടങ്ങി ശബരിമലയിലേക്കുള്ള പ്രധാന പാതകളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷാകവചം എന്ന പേരില്‍ പ്രതിരോധം ഒരുക്കുന്നുണ്ട്.
പ്രതിഷേധം കണക്കിലെടുത്ത് എഡിജിപി അനില്‍കാന്ത് നിലയ്ക്കലിലേക്ക് പോകും.നിലയ്ക്കലിലും പമ്പയിലുമായി 2 ബറ്റാലിയന്‍ വനിതാപോലീസിനെക്കുടി നിയോഗിക്കും.ഇന്ന് വൈകുന്നേരത്തോടെ വനിതാപോലീസിന്റെ സംഘം എത്തും.സ്ത്രീകള്‍ കൂടുതലായി മല കയറാന്‍ എത്തിയാല്‍ വനിതാ പൊലീസുകാര്‍ സന്നിധാനത്തേക്കെത്തും. സന്നിധാനത്തും പമ്പയിലും യാതൊരുവിധ പ്രശ്‌നങ്ങള്‍ക്കും ഇടനല്‍കാതെ സുരക്ഷയൊരുക്കാനാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം.