ശബരിമല:ശബരിമലയിലെ നാലിടങ്ങളില്‍ നാളെ രാവിലെ മുതല്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഇന്നു നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജഞ.നിലയ്ക്കല്‍,പമ്പ,സന്നിധാനം,ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭങ്ങളും അനുവദിക്കില്ല.ആളുകള്‍ സംഘം ചേരാനും പാടില്ല.മലകയറാനെത്തുന്ന ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ സമാനതകളില്ലാത്തെ അതിക്രമമാണ് അഴിച്ചുവിട്ടത്. മാധ്യമപ്രവര്‍ത്തകരെ ആസൂത്രിതമായി അക്രമിക്കുകയായിരുന്നു. നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ അടക്കമുള്ളവ തകര്‍ത്തിരുന്നു.മാതൃഭൂമി ,മനോരമ ന്യൂസ്,ഏഷ്യാനെററ്,ന്യൂസ് 18,റിപ്പബ്‌ളിക് ടിവി,തുടങ്ങിയ മാധ്യമങ്ങളുടെ വാഹനങ്ങള്‍ തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു.റിപ്പോര്‍ട്ടിംഗ് തടസ്സപ്പെടുത്തിയായിരുന്നു ആക്രമം.മാതൃഭൂമി ന്യൂസിന്റെ ക്യാമറ തല്ലിത്തകര്‍ത്തു.റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനും ക്യാമറാമാന്മാരായ അഭിലാഷ്, സുധീഷ് എന്നിവര്‍ക്കും നേരെ ആക്രമണമുണ്ടായി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകന്റെ കൈ ഒടിഞ്ഞിരുന്നു.ന്യൂസ് മിനിറ്റ് ലേഖിക സരിതാ ബാലനെതിരെയും ആക്രമണമുണ്ടായി .