തിരുവനന്തപുരം: പരിപാലനത്തിലെ പോരായ്മയും നോട്ടക്കുറവും സ്ഥലപരിമിതിയും ജീവികള്‍ ചാകുന്നതിന് കാരണമാകുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്ന. മൃഗശാലയില്‍ രണ്ടു വര്‍ഷത്തിനിടെ മൃഗങ്ങള്‍ ചത്തൊടുങ്ങുന്നതില്‍ വന്‍വര്‍ധനയെന്ന് മൃഗശാല വകുപ്പിന്റെ ക ണക്കുകള്‍ വ്യക്തമാക്കുന്നു. 2015-16നെ അപേക്ഷിച്ച് ഈ വർഷം ഇത് ഇരട്ടിയിലേറെയായി.
രണ്ടു വര്‍ഷത്തിനിടെ 81 ജീവികളാണ് ചത്തത്. സസ്തനികളാണ് ഇവയിലേറെയും. 2015-16ല്‍ ഒമ്പത് സസ്തനികളാണ് ചത്തതെങ്കില്‍ 2016-17ല്‍ ഇത് മൂന്നിരട്ടിയിലേറെയായി. 34 എണ്ണം. കടുവ, ഹിമാലയന്‍ കരടി, പന്നിക്കരടി, സിംഹം, സീബ്രാ തുടങ്ങിയവ ഇതില്‍പ്പെടും. പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവ ചാകുന്നതിലും വര്‍ധനയുണ്ട്. 2015-16ല്‍ 13 പക്ഷികളാണ് ചത്തതെങ്കില്‍ 2016-17 ല്‍ അത് 17 ആയി. രണ്ട് ഉരഗങ്ങളാണ് 2015-16ല്‍ ചത്തതെങ്കില്‍ 2016-17 കാലഘട്ടത്തില്‍ ആറായി ഉയര്‍ന്നു.
പ്രായാധിക്യം മരണകാരണമാകുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രായാധിക്യം മൂലം പെണ്‍സിംഹവും പന്നിക്കരടിയും മൃഗശാലയില്‍ ചത്തിരുന്നു. ഇതുകൂടാതെ ഒരേ വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയും ചാകുന്നുണ്ടെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. ഒരു ആണ്‍സിംഹത്തിന് വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പക്ഷികളില്‍ കൂടുതലും ചാകുന്നത് കീരികളുടെ ആക്രമണത്തെ തുടര്‍ന്നാണ്. പക്ഷികളെ സംരക്ഷിക്കുന്ന കൂടുകളില്‍ കീരികള്‍ കയറി ആക്രമിക്കാറുണ്ടെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഇതാണ് നോട്ടക്കുറവുണ്ടെന്ന ആരോപണത്തിനു കാരണം. പരിപാലനത്തിലെ പിഴവോ ജീവനക്കാരുടെ വീഴ്ചകളോ മൃഗങ്ങള്‍ ചാകുന്നതില്‍ വഴിതെളിച്ചിട്ടില്ലെന്ന് മൃഗശാലാ ഡയറക്ടര്‍ കെ.ഗംഗാധരന്‍ പറയുന്നു.
തലസ്ഥാന മൃഗശാലയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് സ്ഥലപരിമിതിയാണ്. 35 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇവിടെ നിലവില്‍ 128 ഇനങ്ങളിലുള്ള മൃഗങ്ങളുണ്ട്. ഇവറ്റകള്‍ക്ക് സൈ്വര്യവിഹാരം നടത്താനുള്ള സ്ഥലം ഇല്ല. 20 മാനുകളെ സംരക്ഷിക്കാവുന്ന മൃഗശാലയില്‍ നിലവില്‍ 200 മാനുകളാണുള്ളത്. നാളുകള്‍ക്ക് മുമ്പ് എത്തിച്ച ഇന്ത്യന്‍ കാട്ടുപോത്തുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവറ്റകളെ സംരക്ഷിക്കാനുള്ള സ്ഥലവും ഇപ്പോള്‍ മൃഗശാലയിലില്ല.
അതേസമയം സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന മൃഗശാലയിലേക്ക് പുതിയ മൃഗങ്ങളെ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദ് മൃഗശാലയില്‍ നിന്ന് ഒരു ജോടി ഏഷ്യന്‍ സിംഹങ്ങളെയും ഭുവന്വേശ്വറിലെ നന്ദന്‍കാനം മൃഗശാലയില്‍ നിന്ന് പന്നിക്കരടികളെയുമാണ് തിരുവനന്തപുരത്തെ മൃഗശാലയില്‍ എത്തിക്കുന്നത്. പുതിയ ഏഷ്യന്‍ സിംഹങ്ങളെ ഇവിടെ എത്തിക്കുമ്പോള്‍ ഇവിടെയുള്ള രണ്ട് സിംഹങ്ങളെ ത്യശൂര്‍ മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. അവശേഷിക്കുന്ന പന്നിക്കരടിക്ക് കൂട്ടായി ഒറീസയിലെ നന്ദകാന്‍ മൃഗശാലയില്‍ നിന്ന് പന്നിക്കരടിയെ എത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു. പന്നിക്കരടിയെ കൂടാതെ സൗത്ത് ആഫ്രിക്കയില്‍ നിന്നു ജിറാഫിനെയും സീബ്രായെയും മൃഗശാലയിലേക്ക് കൊണ്ടുവരാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇതിനായി കേന്ദ്ര മൃഗശാല അതോറിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും കത്ത് കൈമാറിയെന്ന് അധികൃതര്‍ അറിയിച്ചു.