ന്യൂഡല്‍ഹി:ഹാദിയയുടേത് ലൗജിഹാദല്ലെന്നും യഥാര്‍ത്ഥ പ്രണയമെന്നും എന്‍ഐഎ. നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയതിനു തെളിവില്ലെന്നു കാട്ടി എഎന്‍ഐ കേസ് അവസാനിപ്പിക്കുന്നു.ഇതു സംബന്ധിച്ച് എന്‍ഐഎ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.അങ്ങനെ ഏറെ വിവാദം സൃഷ്ടിച്ച ഹാദിയ കേസിന് അന്ത്യമാകുകയാണ്.
ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കേരളത്തില്‍ അന്വേഷണം നടത്തിയിരുന്നു.മിശ്ര വിവാഹിതരായ 89 ദമ്പതിമാരുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.ഇതില്‍ 11 പേരുടെ പരാതികള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.അന്വേഷണത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് കണ്ടെത്താന്‍ അന്വേഷണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ അച്ഛന് അശോകന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം വലിയ വിഷയമാകുന്നത്.തന്റെ മകളുടെ വിവാഹം ലൗജിഹാദാണെന്ന് പിതാവ് ആരോപിച്ചിരുന്നു.തുടര്‍ന്ന് മുസ്ലിം സമുദായത്തിലേക്ക് മതം മാറിയ അഖിലയും (ഹാദിയ) ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം 2017 മേയ് 24ന് ഹൈക്കോടതി റദ്ദാക്കി.തുടര്‍ന്ന് ഹാദിയയെ വീട്ടുതടങ്കലിലുമാക്കി.
തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ 2017 ആഗസ്റ്റില്‍ എന്‍ഐഎയ്ക്ക് കേസ് വിട്ടു നല്കി.ഷെഫിന് ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കുകയും ഇവരുടെ വിവാഹത്തിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.ഹാദിയയെ അച്ഛന് അശോകന്റെയോ ഭര്‍ത്താവ് ഷെഫിന് ജഹാന്റെയോ ഒപ്പം വിടാന്‍ തയ്യാറാകാതിരുന്ന സുപ്രീം കോടതി സേലത്തെ കോളേജില്‍ പഠനത്തിനായി ഹാദിയയെ അയച്ചു.പിന്നീട് ഷെഫിനൊപ്പം പോവാനും അനുവദിച്ചു.