കൊച്ചി:ശബരിമലയിലേക്ക് വന്‍ പോലീസ് സന്നാഹത്തോടെ എത്തിയ നടി രഹ്നാ ഫാത്തിമയേയും ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയേയും നടപ്പന്തലില്‍ തടഞ്ഞു. ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സുരക്ഷാ അകമ്പടിയോടെ ഇവര്‍ സന്നിധാനത്തെത്തിയെങ്കിലും അവിടെ വലിയ രീതിയിലുള്ള പ്രതിഷേധം നടക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് കവിത ശബരിമലയിലേക്ക് കയറാന്‍ പൊലീസ സുരക്ഷ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.എന്നാല്‍ രാത്രി സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ യാത്ര രാവിലത്തേക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് നൂറോളം പൊലീസുകാരുടെ അകമ്പടിയോടെ യുവതികളെ എട്ടരയോടെ നടപ്പന്തലിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ യുവതികളെ സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന നിലപാടുമായി നൂറോളം അയ്യപ്പഭക്തര്‍ നടപ്പന്തലിന് മുന്നില്‍ പ്രതിഷേധിച്ചു.ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കുറച്ച് നേരം ചര്‍ച്ച നടത്തി.ഒരു തരത്തിലുമുള്ള പൊലീസ് നടപടിയും ഭക്തര്‍ക്ക് നേരെയുണ്ടാകില്ലെന്നും പ്രതിഷേധിക്കാന്‍ അവസരം ഒരുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ബലം പ്രയോഗിച്ച് യുവതികളെ സന്നിധാനത്തേക്ക് എത്തിക്കണമെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും അദ്ദേഹം സമരക്കാരെ അറിയിച്ചു.
പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് യുവതികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന്  വ്യക്തമായി.എന്നാല്‍ താന്‍ വ്രതമെടുത്ത് മല കയറാനെത്തിയതാണെന്നും പിന്‍മാറില്ലെന്നും രഹ്ന വ്യക്തമാക്കി. യുവതികള്‍ ഇപ്പോള്‍ നടപ്പന്തലില്‍ തുടരുകയാണ്.ഫേസ്ബുക്ക് പോസ്റ്റിട്ട് നേരത്തേ തന്നെ പ്രകോപനം സൃഷ്ടിച്ച ആളാണ് രഹ്ന ഫാത്തിമ.അതുകൊണ്ടു തന്നെ ഇവര്‍ക്ക് നേരെ വലിയ പ്രതിഷേധം തന്നെ തുടരുകയാണ്. യുവതികള്‍ എത്തിയതിനെത്തുടര്‍ന്ന് പരികര്‍മ്മികള്‍ പൂജാദി കര്‍മ്മങ്ങള്‍ നിര്‍ത്തി പ്രതിഷേധിക്കുകയാണ്. എന്നാല്‍ ശ്രീകോവില്‍ അടച്ചിട്ടില്ല.