തിരുവനന്തപുരം:ശബരിമലയെ ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമാക്കി മാറ്റരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.രാവിലെ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തെത്തിയ രഹ്ന ഫാത്തിമയ്ക്കും ആന്ധ്രയില്‍ നിന്നും വന്ന മാധ്യമപ്രവര്‍ത്തകയ്ക്കും നേരെ വലിയ പ്രതിഷേധം ഉടലെടുത്തതിനെത്തുടര്‍ന്നാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ആരാധനയ്ക്ക് വേണ്ടി അയ്യപ്പഭക്തര്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ള ചിലരാണ് സന്നിധാനത്തെത്താന്‍ ശ്രമിച്ചത്.ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി പറഞ്ഞു.
സന്നിധാനത്തെത്തുമെന്നറിയിച്ച് നേരത്തേ തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് വലിയ സൈബര്‍ ആക്രമണം നേരിട്ട ആളാണ് നടിയും കൂടിയായ രഹ്ന ഫാത്തിമ.അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ വലിയ പ്രതിഷേധംതന്നെയുണ്ടായി.
ഇക്കാരണത്താല്‍ തന്നെ ഇവരുടെ പശ്ചാത്തലം പരിശോധിച്ചശേഷം പോലീസ് കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു.വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന.ഏതു പ്രായത്തിലുമുള്ള വിശ്വാസികള്‍ക്കു വേണ്ടിയുള്ളതാണ് കോടതി വിധി.പതിനായിരക്കണക്കിന് പേര്‍ ശബരിമലയില്‍ എത്തുന്ന സാഹചര്യത്തില്‍ ഭക്തരേയും ആക്ടിവിസ്റ്റുകളേയും പ്രശ്നം സൃഷ്ടിക്കാന്‍ വരുന്നവരേയും വേര്‍തിരിച്ചറിയാന്‍ പ്രയാസമാണെന്നും മന്ത്രി പറഞ്ഞു.