കൊച്ചി:ദിലീപ് അമ്മയില്‍നിന്നും രാജി വെച്ചെന്ന് മോഹന്‍ലാല്‍.ദിലീപിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു.താന്‍ പ്രസിഡന്റ് ആയതിനു ശേഷം വന്ന വലിയ വിഷയമായിരുന്നു ദിലീപിന്റേതെന്നും ഇത് വ്യക്തിപരമായി തന്നെ അധിഷേപിക്കുന്നതിന് ഉപയോഗിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.സംഘടനയില്‍നിന്നും രാജിവെച്ച നടിമാര്‍ മാപ്പു പറയേണ്ട ആവശ്യമില്ല.തിരിച്ചെടുക്കാന്‍ അപേക്ഷ നല്‍കണം,അതിനുശേഷം ഇവരെ സംഘടനയില്‍ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും എഎംഎംഎ പ്രസിഡന്റുകൂടിയായ മോഹന്‍ലാല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ വിഷയത്തിലും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കുറ്റക്കാരനായി കാണുന്നത് തന്നെയാണെന്നും ഇക്കാര്യത്തില്‍ തനിക്ക് അതിയായ ദു:ഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.അമ്മ പ്രസിഡന്റ് എന്ന നിലയില്‍ തൃപ്തനല്ലെന്നും തന്നെ ആവശ്യം ഉള്ളത് കൊണ്ടാണ് ആ സ്ഥാനത്ത് തുടരുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ഡബ്ലുസിസി അംഗങ്ങളെ നടിമാര്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്തുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.പത്രസമ്മേളനത്തില്‍ ഡബ്ലുസിസി അംഗങ്ങളെ നടിമാര്‍ എന്ന് വീണ്ടും അഭിസംബോധന ചെയ്ത മോഹന്‍ലാല്‍ നടിമാരെ നടിമാര്‍ എന്നല്ലാതെ പിന്നെ എന്തു വിളിക്കേണ്ടതെന്നും അങ്ങനെ വിളിച്ചത് ആക്ഷേപിക്കാനല്ലെന്നും പറഞ്ഞു.
ജഗദീഷും സിദ്ദിഖും തമ്മില്‍ ഭിന്നതയില്ലെന്നും വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശം ചോര്‍ന്നത് ഗൗരവത്തോടെ കാണുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.കെപിഎസി ലളിത നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് നാടന്‍ ശൈലിയാണെന്നും മനഃപൂര്‍വ്വം ആരെയും വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതേസമയം താര സംഘടനയായ അമ്മയിലിരുന്ന് ചോര ഊറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ല്യുസിസിയുടെ ശ്രമമെന്ന് നടന് ബാബുരാജ് പറഞ്ഞു.