സന്നിധാനം:ശബരിമലയിലെ സ്ത്രീപ്രവേശനവിധി 50 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകളുടെ ശബരിമല ദര്‍ശനത്തെയും പ്രതിസന്ധിയിലാക്കിയ കാഴ്ചയാണ് ഇന്ന് സന്നിധാനത്ത് കണ്ടത്.തിരുച്ചിറപ്പള്ളി മലൈകോടി സ്വദേശിയായ ലത കുമരന് എന്ന അന്പത്തിരണ്ടുകാരിക്കെതിരെ വലിയ പ്രതിഷേധമാണുണ്ടായത്.ഇവരുടെ പ്രായത്തിന്‍മേലുള്ള സംശയമാണ് പ്രതിഷേധത്തിനു കാരണമായത്. കുടുബത്തോടൊപ്പം മല കയറാനെത്തിയ ലത താന്‍ ശബരിമലയില്‍ വരുന്നത് രണ്ടാം തവണയാണെന്നും എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ലെന്നുമാണ് വേദനയോടെ പ്രതികരിച്ചത്.
പരമ്പരാഗത കാനനപാതയിലൂടെ യാതൊരു പ്രശ്നങ്ങളുമില്ലാതെ എത്തിയ ഇവരെ നടപ്പന്തലില്‍ വെച്ചാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.പ്രതിഷേധം കടുത്തതോടെ പൊലീസ് ഇവര്‍ക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു.തന്റെ പ്രായം തെളിയിക്കുന്ന രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തിയശേഷമാണ് ഇവര്‍ അയ്യപ്പദര്‍ശനം നടത്തിയത്.
ശാരീരിക പ്രയാസങ്ങള്‍ നേരിട്ടില്ലെങ്കിലും പ്രതിഷേധം കാരണം കടുത്ത മാനസിക പ്രയാസമാണ് നേരിട്ടതെന്നും ഭയപ്പാടോടെയാണ് അയ്യപ്പദര്‍ശനം നടത്തിയതെന്നും ലത മാധ്യമങ്ങളോട് പ്രതികരിച്ചു.