തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തിലും തര്‍ക്കം തുടങ്ങുന്നു.ശബരിമല തങ്ങള്‍ക്ക് തിരികെ വേണമെന്നാവശ്യപ്പെട്ട് മലയരയ മഹാസഭയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.അയ്യപ്പന്‍ മലയരനായിരുന്നെന്നും അയ്യപ്പന്റെ സമാധിസ്ഥലമായിരുന്ന ശബരിമലയെ ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ സജീവ് പറഞ്ഞു.
ചോള സൈനികര്‍ക്കെതിരെ പോരാടിയ വില്ലാളിവീരനായിരുന്ന അയ്യപ്പന്റെ സമാധി സ്ഥലമാണ് ശബരിമല.എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടാമെന്നാണ് സമാധിദിവസം അയ്യപ്പന്‍ മാതാപിതാക്കള്‍ക്കു കൊടുത്ത വാക്ക്.അതിന്റെ ഓര്‍മ്മയിലാണ് മലയരയര്‍ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും അയ്യപ്പന്റെ അച്ഛനെയും അമ്മയേയും ആട്ടിയോടിച്ചു.വളര്‍ത്തച്ഛനായ പന്തളത്തു രാജാവിനെപ്പറ്റി പറയുന്നവര്‍ എന്തു കൊണ്ട് അയ്യപ്പന് ജന്മം നല്‍കിയവരെക്കുറിച്ച് മിണ്ടുന്നുപോലുമില്ലെന്ന് പി കെ സജീവ് ചോദിക്കുന്നു.
മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു.ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികള്‍ സൂചിപ്പിക്കുന്നത്.ശബരിമലയില്‍ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണുന്നില്ല.മലയരയ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നു ശബരി.സമുദായത്തില്‍പ്പെട്ട യുവതികള്‍ നിലവില്‍ ശബരിമലയില്‍ പോകാറില്ല.എന്നാല്‍ ആരെങ്കിലും പോകുന്നതിന് സമുദായം എതിരുമല്ലെന്നും മലയരയ മഹാസഭ വ്യക്തമാക്കുന്നു.