ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയ അലോക് വര്‍മയുടെ വീടിന് സമീപത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട നാല് പേരെ അറസ്റ്റ് ചെയ്തു.അലോക് വര്‍മ്മയുടെ ഡല്‍ഹിയിലെ അക്ബര്‍ റോഡിലെ വസതിക്കു സമീപത്ത് ചുറ്റിത്തിരിയുകയായിരുന്ന ഇവരെ സുരക്ഷാ ജീവനക്കാരാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.പിടിയിലായവര്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരാണെന്നാണ് സൂചന. അലോക് വര്‍മ്മയുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതിന് വേണ്ടി നിയോഗിച്ചവരാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസമാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയത്. സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും തല്‍സ്ഥാനത്തുനിന്നും നിന്ന് നീക്കിയിരുന്നു. അഴിമതിക്കേസില്‍ രാകേഷ് അസ്താനക്കെതിരെ സിബിഐ അന്വേഷണം നടത്തിയിരുന്നു.ഇതിന്റെ പകവീട്ടലായാണ് അലോക് വര്‍മ്മയെ സ്ഥാനത്തുനിന്നും നീക്കിയതെന്നാണ് പറയപ്പെടുന്നത്.തനിക്കെതിരെയുണ്ടായ നടപടിയില്‍ സുപ്രീകോടതിയെ സമീപിക്കാനാണ് അലോക് വര്‍മ്മയുടെ തീരുമാനം.കേന്ദ്രസര്‍ക്കാര്‍ രാകേഷ് അസ്താനയെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നും
ആരോപണമുണ്ട്.