കൊച്ചി:മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്പര്യ മുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കെ.സുരേന്ദ്രന്‍. എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതി സുരേന്ദ്രന്റെ തീരുമാനം ആരാഞ്ഞത്.കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.
89 വോട്ടിനാണ് കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്.തുടര്‍ന്ന് കള്ളവോട്ട് നേടിയാണ് അബ്ദുള്‍ റസാഖ് വിജയിച്ചതെന്നും അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ അബ്ദുള്‍ റസാഖ് കള്ളവോട്ട് നേടിയിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ വാദം.
അബ്ദുള്‍ റസാഖിന്റെ മരണത്തോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ നിര്‍ണായകമാണ് ഹര്‍ജി.പാര്‍ട്ടിയുമായും നിയമ വിദഗ്ദ്ധരുമായും ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കുമെന്നാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്.