ന്യൂഡല്‍ഹി:റാഫേല്‍ കരാറിലെ അഴിമതിയില്‍ നരേന്ദ്ര മോദിയുടെ പങ്ക് പുറത്തു വരുമെന്ന് ഭയന്നാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.പിടിക്കപ്പെടുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ അടിയന്തരമായി അര്‍ദ്ധരാത്രിയില്‍ നടപടി സ്വീകരിച്ചത്.
അര്‍ധരാത്രി രണ്ടുമണിക്ക് അലോക് വര്‍മയെ പുറത്താക്കിയത് ഭരണഘടനയെയും ചീഫ് ജസ്റ്റിസിനെയും ഇന്ത്യയിലെ ജനങ്ങളെയും അപമാനിക്കലാണ്.അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത് നിയമവിരുദ്ധമാണ്.സിബിഐ ഡയറക്ടറെ നിയമിച്ച പാനലിനു മാത്രമേ അതിന് അധികാരമുള്ളു.പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് പാനല്‍.അലോക് വര്‍മ റഫാല്‍ ഇടപാടില്‍ അന്വേഷണം തുടങ്ങിയതു തന്നെയാണ് നടപടിക്കു പിന്നിലെന്നും രാഹുല്‍ പ്രതികരിച്ചു.
റാഫേല്‍ കരാറില്‍ അന്വേഷണം നേരിടുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്ന് മോദിക്ക് ഉത്തമ ബോധ്യമുണ്ട്.അതുകൊണ്ടാണ് തിടുക്കപ്പെട്ട് സി.ബി.ഐയില്‍ അഴിച്ചുപണി നടത്തിയത്.റാഫേല്‍ കേസില്‍ മോദിക്കെതിരെ ശേഖരിച്ചിരുന്ന തെളിവുകളും മോദിയുടെ അനുയായികള്‍ സി.ബി.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് തട്ടിയെടുത്തു.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മോദിയെ രക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.എന്നാല്‍ പ്രതിപക്ഷമെന്ന നിലയില്‍ ഇതിന് പിന്നിലെ കള്ളക്കളി പുറത്തുകൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.