തൃശൂര്‍:ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും അറസ്റ്റിലായി.തിരൂര്‍ സ്വദേശി കൃഷ്ണകുമാറിന്റെ ഭാര്യ സുജാതയെയും കാമുകന്‍ സുരേഷ് ബാബുവിനെയും വിയ്യൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്നും ക്വട്ടേഷന്‍ ഏറ്റെടുത്ത നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.സുജാത രണ്ട് കുട്ടികളുടെ മാതാവാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വയനാട്ടിലേക്ക് പോകാന്‍ ഇറങ്ങിയ കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം നടന്നിരുന്നു.വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്ണകുമാര്‍ രാവിലെ വീട്ടില്‍ നിന്നും നടന്ന് പോകുമ്പോഴാണ് റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചത്.പരിക്കേറ്റ് റോഡിന് സമീപത്തേക്ക് തെറിച്ച് വീണെങ്കിലും റോഡില്‍ നിറുത്തിയിട്ടിരുന്ന വാഹനം തന്നെ കണ്ടപ്പോള്‍ എന്തിന് മുന്നോട്ടെടുത്ത് ഇടിച്ചിട്ടു എന്നതില്‍ കൃഷ്ണകുമാറിന് സംശയമുണ്ടായി.പരാതി നല്‍കേണ്ടെന്ന് ഭാര്യ പറഞ്ഞതും സംശയങ്ങള്‍ ഇരട്ടിപ്പിച്ചു.സുജാതയും സുരേഷ് ബാബുവും തമ്മില്‍ അടുപ്പമുണ്ടായിരുന്നത് അറിയാമായിരുന്ന കൃഷ്ണകുമാര്‍ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നല്‍കിയ ക്വട്ടേഷനാണെന്ന് മനസിലായത്.
നാല് ലക്ഷം രൂപയ്ക്കാണ് സുജാത ക്വട്ടേഷന്‍ നല്‍കിയത്.സുരേഷിന്റെ സുഹൃത്തും ഡ്രൈവറുമായ ഷൊര്‍ണ്ണൂര്‍ സ്വദേശി ഓമനക്കുട്ടനും സുഹൃത്തുക്കളായ ആറ്റൂര്‍ സ്വദേശി സജിത്ത്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസ്സിലെ പ്രതിയുമായ വരവൂര്‍ സ്വദേശി മുല്ല നസുറുദ്ദീന്‍, ദേശമംഗലം തലശ്ശേരി സ്വദേശി മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്നാണ് ഗൂഡാലോചന നടത്തി പദ്ധതി തയ്യാറാക്കിയ്ത.വടക്കാഞ്ചേരി സ്വദേശി ഷിഹാസ് എന്നയാളില്‍ നിന്ന് ഫിയറ്റ് പുന്തോ കാര്‍ വാടകയ്ക്ക് എടുത്താണ് കൃത്യം നടത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വാഹന ഉടമ നല്‍കിയ വിവരമനുസരിച്ച് അന്വേഷണം നടത്തി വരവേ തിരൂര്‍ ഭാഗത്ത് വെച്ച് വാഹനവും മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ്ക്വട്ടേഷനാണെന്നറിഞ്ഞത്. ക്വട്ടേഷന് സുജാത സ്വര്‍ണ്ണമാലയും പണവും ആള്‍ട്ടോ കാറും പ്രതിഫലമായി നല്‍കിയെന്നും പ്രതികള്‍ പറഞ്ഞു.