തിരുവനന്തപുരം:സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ കൊച്ചുമകന് ബി.ജെ.പിയുടെ സമരവേദിയിലെത്തി.ശബരിമലയില്‍ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള ഡി.ജി.പി ഓഫീസിന് മുന്നില്‍ നടത്തുന്ന ഏകദിന ഉപവാസത്തിലാണ് എം.എം.ലോറന്‍സിന്റെ കൊച്ചുമകന് മിലന് ലോറന്‍സ് ഇമ്മാനുവല്‍ പങ്കെടുത്തത്.അമ്മ തന്നെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ മിലനെ സമരവേദിയിലെത്തിച്ചതെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി സ്വന്തം ഇഷ്ടപ്രകാരമാണ് സമരവേദിയിലെത്തിയതെന്ന് മിലന് പറഞ്ഞു.രാഷ്ട്രീയത്തിലിറങ്ങാന്‍ താല്പര്യമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി ഏതെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന് വ്യക്തമാക്കി.
മുതിര്‍ന്ന സി.പി.എം നേതാവിന്റെ കൊച്ചുമകന് തന്നെ ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ സമരവേദിയിലെത്തിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.