വഡോദര:ലോകത്തെ ഏറ്റവും വലിപ്പമേറിയതും നീളമേറിയതുമായ ഉയരം കൂടിയതുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു.നര്‍മ്മദാ നദിയിലെ സാധു തടത്തില്‍ നിര്‍മ്മിച്ച കൃത്രിമ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പ്രതിമയ്ക്ക് ‘സ്റ്റാച്യു ഒഫ് യൂണിറ്റി’ (ഏകതാ പ്രതിമ) എന്നാണ് പേരിട്ടിരിക്കുന്നത്.177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഏകതാ പ്രതിമ ഉയരത്തില്‍ ഒന്നാമതായത്.989 കോടി രൂപയാണ് പ്രതിമനിര്‍മ്മാണത്തിന്റെ ആകെ ചെലവ് .
2014 ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 46 മാസം കൊണ്ടാണ് പൂര്‍ത്തിയാവുന്നത്.3,400 തൊഴിലാളികളും 250 എന്‍ജിനിയര്‍മാരും നാലുവര്‍ഷത്തോളം കഠിനാധ്വാനം ചെയ്താണ് പ്രതിമ പൂര്‍ത്തീകരിച്ചത്. സമുദ്ര നിരപ്പില്‍ നിന്ന് 237.35 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രതിമയുടെ ഉയരം 182 മീറ്ററാണ്.പട്ടേല്‍ സ്മാരക പൂന്തോട്ടം,സാധു ദ്വീപും നര്‍മദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം,മ്യൂസിയം,5 കിലോമീറ്റര്‍ റോഡ്,പ്രതിമയ്ക്കുള്ളില്‍ കെട്ടിടങ്ങള്‍ പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റില്‍ ഹൃദയഭാഗത്ത് എത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ വിശാലമായ ഗാലറി അണ്ടര്‍ വാട്ടര്‍ അക്വേറിയം എന്നിവയാണ് പ്രതിമയുടെ പ്രത്യേകതകള്‍.
ഉദ്ഘാടനത്തിന്റെ ഭാഗമായി ദില്ലിയില്‍ ഇന്ന് രാവിലെ ‘യൂണിറ്റി മാരത്തോണ്‍’ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.അതേസമയം പ്രതിമ അനാച്ഛാദനത്തിനെതിരെ അഹമ്മദാബാദിലെ ഗോത്രസമൂഹങ്ങളും കര്‍ഷകരും വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി എത്തിയത്.പ്രതിമ നിര്‍മ്മിക്കാനും തൊട്ടടുത്ത പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറി എന്നാണ് ഗോത്രസമൂഹങ്ങളുടെ ആരോപണം.പ്രതിമ നിര്‍മ്മിച്ചതല്ലാതെ ഇവര്‍ക്ക് പുനരധിവാസ സൗകര്യങ്ങളോ ജോലിയോ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.